
(ഇമേജ് ഫ്ലിക്കറില്‍ നിന്നും)
സംഗീതം ദൈവികമായ ഒരു കലയാണെന്ന് എല്ലാവരും സമ്മതിക്കും. ദിവസം ഒരിക്കലെങ്കിലും ഒരു പാട്ട് മൂളാത്ത/ കാതോര്ക്കാത്ത ആരെങ്കിലും ഉണ്ടാകാന്‍ സാധ്യത വിരളം. 'വാക്കുകളാല്‍ വിരചിക്കാനാവാത്ത, നിശബ്ദമായിരിക്കാന്‍ കഴിയാത്ത ഭാവമാണ് സംഗീതം' എന്ന് വിക്ടര്‍ ഹ്യുഗോ. പണ്ഡിതനും പാമരനും ഒരുപോലെ രുചിക്കുന്നു സംഗീതം. ദുഖിതനും സന്തുഷ്ടനും ഒരുപോലെ കൂട്ടാണ് സംഗീതം. ദൈവ വിശ്വാസിയും നാസ്തികനും ഒരുപോലെ പാട്ടിനെ സ്നേഹിക്കുന്നു.
സംഗീതത്തിന് ശക്തിയുണ്ട്. സംഗീതം മനസിനെ സ്വാധീനിക്കുന്നു. ഏതു പ്രായത്തിലും. പ്രചോദിപ്പിക്കുന്നു.. ചിന്തകളെ രൂപാന്തരപ്പെടുത്തുന്നു.. നാം അറിയാതെ തന്നെ ആശയങ്ങള്‍ ഉള്ളിലേക്ക് എടുക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഏതു തരം ഗാനങ്ങള്‍ കേള്‍ക്കണം എന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
സംഗീതത്തിന്റെ ദൈവിക സ്പര്‍ശം:
ആത്മീയ മൂല്യമുള്ള ആശയങ്ങള്‍ പകര്‍ന്നു തരുന്ന ഗാനങ്ങള്‍ ശ്രവിക്കുന്നത് നമ്മുടെ ദൈവിക വിശ്വാസത്തെയും ആത്മീയ വീക്ഷണത്തെയും ശക്തിപ്പെടുത്തും. എല്ലാ ജാതി മതസ്ഥരും ദൈവിക ആരാധനയുമായി ബന്ധപ്പെട്ടു സംഗീതം ഉപയോഗിക്കുന്നുണ്ട്. ദേവ സ്തുതികള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ആയി പ്രത്യേകം പാട്ടുകള്‍ തന്നെ ഉണ്ടല്ലോ.
ക്രിസ്തീയ സംഗീതം:
ദൈവ വചനമായ ബൈബിളും സംഗീതത്തെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. "ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍" (എഫെസ്യര്‍ : 18-20) കേള്‍ക്കണം എന്ന് മാത്രമല്ല, പാടണം എന്ന് കൂടെയാണ് പ്രബോധനം.
ജീവിതത്തിന്റെ ഏതു അവസ്ഥയിലും ആത്മീയ ചിന്തകളാല്‍ മനസു നിറയുമ്പോള്‍ ആശയങ്ങള്‍ പാട്ടുകളായി പിറവിയെടുക്കുന്നു. അപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ആസ്വാദ്യകരമാകുന്നു. പ്രയോജനപ്പെടുന്നു. അവയാണ് ആത്മീയ ഗാനങ്ങള്‍. ക്രിസ്തുവിനെയും അവന്റെ വചനത്തെയും കൃപകളെയും കുറിച്ച് പാടുന്നതാണ് ക്രിസ്തീയ ഗാനം. (ക്രിസ്തീയ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളാത്ത ക്രിസ്തീയ ലേബലുള്ള ഗാനങ്ങളും ഇന്നുണ്ട്)
ഈ രീതിയില്‍ ദൈവിക സന്ദേശം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനു സംഗീതം എന്നും ഒരു മാര്‍ഗമായി ക്രിസ്തു വിശ്വാസികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതിഭാധനരായ അനേകം വ്യക്തികളാല്‍ സമ്പന്നമാണ് മലയാള ക്രൈസ്തവ ഗാന രംഗവും. മഹാകവി കെ. വി. സൈമണ്‍ മുതല്‍ ഗ്രഹാം വര്‍ഗീസ് വരെ, മാത്യു ജോണ്‍ മുതല്‍ ജോണ്സന് പീറ്റര്‍ വരെ, വി. ജെ. ജേക്കബ് മുതല്‍ വി. ജെ. പ്രതീഷ് വരെ തനതായ സംഭാവനകള്‍ നല്കി ഈ മേഖലയെ പരിപോഷിപ്പിച്ചു ജീവസുറ്റതാക്കിയവര് അനേകര്‍.. അവ കേള്‍ക്കുന്നതും ആസ്വദിക്കുന്നതും വിശ്വാസികള്‍ക്ക് അനിര്‍വച്ചനീയമായ അനുഭൂതിയാണ്.
നല്ല ഗാനങ്ങള്‍ കേള്‍ക്കുന്നതിനും ദൈവ വചനത്തിലെ നിര്‍മല ചിന്തകളാല്‍ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗാനാമൃതം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ഈ ലോക സംഗീത ദിനത്തില്‍, ആസ്വദിക്കാം, ആനന്ദിക്കാം.. സംഗീതം - അത് ദൈവികമാണ് , ദൈവത്തിനു വേണ്ടിയുള്ളതാണ്..
സന്ദര്‍ശിച്ചാലും : ഗാനാമൃതം - മലയാളം ക്രിസ്തീയ ഗാന ശേഖരം.