12.7.10

കൂടുവിട്ടൊടുവില്‍ ...

ജീവിതം ഒരു യാത്രയാണ്..

അനുദിനം, അനസ്യൂതം തുടരുന്ന ഈ യാത്രയില്‍ നമ്മള്‍ വെറും പരദേശികള്‍ .. ഇവിടുത്തെ ജീവിതം എത്ര ക്ഷണികം. എങ്കിലും അടിക്കടി വരുന്ന പ്രതിസന്ധികളില്‍ നമ്മോടൊപ്പമുള്ള കര്‍ത്താവിന്റെ സാന്നിധ്യം ഈ യാത്രയിലെ ഓരോ ദിനങ്ങളും ഊഷ്മളമാക്കുന്നു. ഒരു സാഹസിക യാത്രയേക്കാള്‍ ഉദ്ധ്വേഗം നിറഞ്ഞത്‌ എങ്കിലും ഊഹിക്കാനാവുന്നതേക്കാള്‍ സുരക്ഷിതം. ഇരുള്‍ നിറഞ്ഞ വഴികള്‍ എങ്കിലും ലക്ഷ്യം സുനിശ്ചിതം.

"ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്‍പത് സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു." (സങ്കീര്‍ത്തനം: 90:10)

ഈ ഒരു ചിന്ത ദിവസവും ഉണ്ടായിരിക്കുന്നത് നമ്മുടെ സമയം ബുദ്ധിപൂര്‍വ്വം ചിലവഴിക്കാന്‍ നമ്മെ സഹായിക്കും.

"ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ" (സങ്കീര്‍ത്തനം: 90:12)


അതി സുന്ദര-ഭാവനാ സമ്പന്നമായ വരികള്‍ .. അതിമനോഹരമായ പശ്ചാത്തല സംഗീതം.. ഈ ലോകത്തില്‍ ഈ പാട്ട് ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ളത് ഞാനായിരിക്കും! പല തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടിട്ടുണ്ട്. അതിനു പിന്നില്‍ മറക്കാനാവാത്ത ഒരോര്‍മ കൂടെയുണ്ട്.

പശ്ചാത്തല സംഗീത സംവിധാനം (ഓര്‍ക്കസ്ട്രേഷന്‍ ) എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്. ഏതൊരു ഗാനത്തിനും അതിന്റെ പൂര്‍ണ ഭാവം കൈവരുത്തുന്നത് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ്.

പശ്ചാത്തല സംഗീത സംവിധാനത്തില്‍ പ്രത്യേകം കഴിവുള്ളവര്‍ ഉണ്ട്. അങ്ങനെ ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു വയലിന്‍ ജേക്കബ്‌ എന്നറിയപ്പെട്ടിരുന്ന ശ്രീ. വി. ജെ. ജേക്കബ്‌. എണ്‍പത് - തൊണ്ണൂറു കാലഘട്ടങ്ങളില്‍ ഇറങ്ങിയിരുന്ന ജേക്കബിന്റെ എല്ലാ കാസറ്റുകളും - ഒരു വിധം - വാങ്ങി കേള്‍ക്കുമായിരുന്നു. അതൊരു അത്യപൂര്‍വ ശ്രവണാനുഭവമായിരുന്നു. 1998-99 കാലത്താണ് സെലസ്റ്റ്യല്‍ സിന്റെ 'യേശുവേ സ്‌തോത്രം' എന്ന കാസറ്റിലെ ആമുഖ ഗാനമായി 'കൂടുവിട്ടൊടുവില്‍ ' എന്ന ഈ ഗാനം - ഈ വേര്‍ഷനില്‍ - പുറത്തിറങ്ങിയത്. വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഈ ആല്‍ബം അന്ന് വളരെ ശ്രദ്ധേയമായിരുന്നു.

അങ്ങനെയിരിക്കെയാണ് ഏകദേശം 1999 ന്റെ ആരംഭത്തില്‍ ജേക്കബിന്റെ ആകസ്മികമായ നിര്യാണ വാര്‍ത്ത‍ പത്രത്തില്‍ കണ്ടതായി ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത്. പക്ഷേ, ഇനിയൊരിക്കലും കണ്ടുമുട്ടാത്ത ഒരിടത്തേക്കാണ് ആ പ്രിയ സംഗീത സംവിധായകന്‍ കടന്നു പോയത്..! അതേ, എല്ലാ മനുഷ്യരെയും പോലെ അദ്ദേഹവും പോയി. താന്‍ ചെയ്ത നൂറു കണക്കിന് ഗാനങ്ങളും ഈണങ്ങളും ബാക്കി വച്ചു കൊണ്ട്.. അതുകൊണ്ട് തന്നെ ആ ഗാനങ്ങള്‍ ഒക്കെയും കേള്‍ക്കുമ്പോള്‍ മനസ്സില്‍ സമ്മിശ്ര വികാരങ്ങളാണ് ഉണ്ടാകാറുള്ളത്. കൂട്ടത്തില്‍ ഒരു മുന്നറിയിപ്പും..

മരണം ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കുന്നില്ല. ആരുടേയും സംഭാവനകള്‍ പരിഗണിക്കുന്നുമില്ല. ജീവിതം ആര്‍ക്കും ഇവിടെ ശാശ്വതമായി ഒന്നും നല്‍കുന്നില്ല. നേടാന്‍ ഉള്ളതോ, നമ്മുടെ ആത്മാവിന്റെ നിത്യതയാണ്! വലിയ നേട്ടം കൈവിട്ടു പോയിട്ടുണ്ടെങ്കില്‍ പിന്നെയെല്ലാം വ്യര്‍ത്ഥം.
"ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടു തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താല്‍ അവന്നു എന്തു പ്രയോജനം" (ബൈബിള്‍ )
അതേ, സ്വന്തം ജീവിതം കൈവിട്ടു പോയ ഹത ഭാഗ്യരില്‍ ഒരാളായി തീരാന്‍ പ്രിയ വായനക്കാര്‍ക്ക് ഇടയാകാതിരിക്കട്ടെ. ജീവിതം ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ ഓരോ ദിനവും നമ്മെ ഓര്‍പ്പിക്കുന്നു ഈ ഗാനം - രണ്ടു രീതിയില്‍ .. അര്‍ത്ഥ ഗര്‍ഭമായ അതിന്റെ വരികളില്‍ കൂടെയും പ്രിയ സംഗീതജ്ഞന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മകളിലൂടെയും!

ജോയ് ജോണും ഫിലിപ്പ് കെ ആണ്ട്രൂസും ചേര്‍ന്ന്‍ രചിച്ചു ജേക്കബിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ഗാനം ഇവിടെ കേള്‍ക്കാം.. ജീവിതത്തിന്റെ ക്ഷണികതയെയും ബുദ്ധിയോടെ ദൈവത്തെ അന്വേഷിക്കേണ്ടത്തിന്റെ പ്രാധാന്യത്തെയും ഈ ഓര്‍മകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലൈവ് ആയി നമുക്ക് അനുഭവപ്പെടും.. തീര്‍ച്ച..

No comments:

Post a Comment

Related Posts with Thumbnails