11.9.10

കൈവിടുകില്ലവന്‍ ഒരു നാളും

ദൈവത്തെ ആത്മാര്‍ത്ഥതയോടെ സേവിക്കുന്നവര്‍ ഒരുപക്ഷെ ചില അവസരങ്ങളില്‍ വളരെ നിരാശരായി തീര്‍ന്നേക്കാം.. പക്ഷേ, കര്‍ത്താവിന് വേണ്ടി അവര്‍ ചെയ്യുന്ന - സഹിക്കുന്ന - ഒരു ചെറിയ കാര്യത്തിനും ദൈവം മറന്നു പോകാതെ പ്രതിഫലം കൊടുക്കും എന്നത് ഒരിക്കലും മാറാത്ത സത്യമാണ്.

ഇതേ ആശയമാണ്  മലാഖി പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നതും:

"യഹോവക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം  നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു  നടന്നതിനാലും എന്തു പ്രയോജനമുള്ളു? ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ  എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ  അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു  എന്നു നിങ്ങൾ പറയുന്നു. യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു;  യഹോവ ശ്രദ്ധവെച്ചു  കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി  അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു. ഞാൻ  ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവൻ  എനിക്കു ഒരു നിക്ഷേപം ആയിരിക്കും  എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ  ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. അപ്പോൾ നിങ്ങൾ  നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും  തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും." (മലാഖി: 3:14-18)

ദൈവത്തിനു വേണ്ടി വളരെ പ്രവര്‍ത്തിച്ച / ഫലം കൊടുത്ത അനേക മിഷനറിമാരും പ്രവര്‍ത്തകരും ഇത്തരത്തില്‍ അതി കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അതു മറ്റുള്ളവരാലുള്ള എതിര്‍പ്പോ ഉപദ്രവമോ മറ്റു കഷ്ടനഷ്ടങ്ങളോ ആയിരിക്കണമെന്നില്ല, മറിച്ച് തങ്ങളില്‍ തന്നെ അനുഭവിക്കേണ്ടി വരുന്ന ഉള്‍പ്രേരണക്കുറവ്, നിരാശ എന്നിവയാണവ. തങ്ങളുടെ ആത്മാര്‍ത്ഥതയോടെയുള്ള പ്രയത്നങ്ങള്‍ ആരും മനസിലാക്കുന്നു പോലുമില്ലല്ലോ, ഇങ്ങനെ കഷ്ടപ്പെട്ടിട്ടു എന്ത് പ്രയോജനം എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു നിരാശരാവാത്തവര്‍ ഉണ്ടാകില്ല - നല്ല മനസോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ .

എന്നാല്‍ അപ്പോള്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങളില്‍ ഉറച്ചു വിശ്വസിച്ചു അവനായി കാത്തിരിക്കുക എന്നല്ലാതെ മറ്റൊരു പോംവഴി ഇല്ല തന്നെ. ദൈവം വാക്ക് പറഞ്ഞാല്‍ മാറുന്നില്ല. അവിടുന്ന്‌ എല്ലായ്പ്പോഴും വിശ്വസ്തന്‍ തന്നെയാണ്. അവിടുത്തെ മുഖം നോക്കിയവര്‍ ഒരിക്കലും ലജ്ജിച്ചു പോയിട്ടില്ല. അതുകൊണ്ട് ദൈവം അവരവരെ ഏല്‍പ്പിച്ചിരിക്കുന്ന താലന്തുകളും ശുശ്രൂഷകളും ഒന്നുകൂടെ ഉറപ്പായി മനസിലാക്കാനും ഓരോരുത്തരെയും വിളിച്ച ദൈവത്തെ മാത്രം നോക്കിക്കൊണ്ട്‌ യാത്ര തുടരാനും ഒരു അവസരമായി ഇത്തരം പ്രതിസന്ധികളെ കാണുവാന്‍ നമുക്ക് കഴിയണം.

ഒരു പക്ഷേ അത്തരം ഒരു സാഹചര്യത്തോട് മല്ലിടുമ്പോള്‍ ആയിരിക്കാം ഈ ഒരു ഗാനം ഗാനകൃത്ത്‌ കുറിച്ചിട്ടത്‌.. അല്ലെങ്കില്‍ പിന്നീട് ഒരവസരത്തിലേക്ക് നമുക്കായി മാറ്റിവച്ചതുമാകാം ..അതുകൊണ്ട് ഒരിക്കല്‍ കൂടെ നമുക്ക് ഓര്‍ക്കാം - ദൈവം വിശ്വസ്തന് -  യഹോവ ശ്രദ്ധവെച്ചു കേള്‍ക്കുന്നു!‍.
"അവങ്കലേക്ക്‌ നോക്കിയവര്‍ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല." (സങ്കീര്‍ത്തനം: 34:5)
"എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും" (1ശമുവേല്‍ 2:30)

കൈവിടുകില്ലവന്‍ ഒരു നാളും
കരുതും തന്‍ ഭുജത്താല്‍
പ്രതിഫലം തന്നെന്നെ
മാനിക്കും നിശ്ചയമായ് - വന്‍

മരണത്തിന്‍ നിഴല്‍ താഴ്‌വരയില്‍
ശരണമറ്റവനായ്  തീര്‍ന്നപ്പോള്‍
വലതുകരം പിടിച്ചവനെന്നെ
നടത്തിടുന്നത്ഭുതമായ്

പ്രതികൂലക്കാറ്റുകള്‍ അടിച്ചിടുമ്പോള്‍
പഴി ദുഷി നിന്ദകള്‍ പെരുകിടുമ്പോള്‍
ശക്തനാം കര്‍ത്തന്‍ കൂടെയുണ്ട്
നടത്തിടുന്നത്ഭുതമായ്



ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

Share/Bookmark

No comments:

Post a Comment

Related Posts with Thumbnails