15.2.11

കൂടെപാര്‍ക്ക, നേരം വൈകുന്നിതാ!

"പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ട്.." - സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ്‌ മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ‍, ഒരു നിര്‍ണായക സമയം വരുമ്പോള്‍ എവിടെയോ പോയ്‌ മറഞ്ഞെന്നിരിക്കും - വെറുതെയല്ല, ഒരു കാരണം പറയാനുണ്ടാവും.

ആരെയും തെറ്റ് പറയാനുമാവില്ല. കാരണം നമ്മള്‍ നേരിടുന്ന അവസ്ഥ എന്താണെന്നു കൃത്യമായി മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണമെന്നില്ല. മാത്രമല്ല പരിമിതികള്‍ക്ക്‌ വിധേയമാണ് എല്ലാ ബന്ധങ്ങളും. ഒരാളുടെ ഉള്ളിന്റെ ഉള്ളില്‍ എന്തു നടക്കുന്നു എന്നു ആര്‍ക്കറിയാം! - അല്ലേ ?

സ്നേഹിതന്റെ വില തിരിച്ചറിയുന്നത്‌ ആവശ്യങ്ങളുടെ സമയത്താണ്. അപ്പോള്‍ പ്രതികരിക്കുന്ന 'ടോണ്‍' ഒരു പക്ഷേ അല്പം വ്യത്യാസമായിരിക്കും. പറഞ്ഞിട്ട് കാര്യമില്ല, മനുഷ്യരായ എല്ലാവരുടെയും കാര്യം ഇങ്ങനെ തന്നെയാണ് - ഞാനായാലും. "A friend in need is a friend indeed" എന്നാണല്ലോ. ഒരു നല്ല സ്നേഹിതന്റെ സഹായം വിലമതിക്കാന്‍ ആവാത്തതാണ്. അങ്ങനെ ഒരു വിശ്വസ്തനായ സ്നേഹിതന്‍ ആയിരിക്കാന്‍ ആര്‍ക്കു കഴിയും?

ഈ ഗാനം അതിനൊരുത്തരമാണ്‌.. മരണം വരെ പിരിയാത്ത ആത്മബന്ധമാണ് ദൈവമായ കര്‍ത്താവുമായി ഒരു വിശ്വാസിക്കുള്ളത്. ഭയമാകട്ടെ, വേദനയാകട്ടെ, ദു:ഖമാകട്ടെ, എകാന്തതയാകട്ടെ, മരണമാകട്ടെ, നാം അഭിമുഖീകരിക്കുന്ന ഏത് സാഹചര്യത്തെയും നമ്മെപ്പോലെ തന്നെ മനസിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അവിടുന്ന്‌. മാത്രമല്ല ഒരു സുഹൃത്തിന് നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നതുപോലെ അവിടുന്ന്‌ നമ്മില്‍ ആശ്വാസം പകരുന്നു - നമ്മില്‍ വസിക്കുന്ന അവിടുത്തെ ദിവ്യ ആത്മാവിനാല്‍ ..

ആയുസിന്റെ ഓട്ടത്തില്‍ കൂരിരുളാകട്ടെ, കുളിര്‍മഴയാകട്ടെ, കൂടെയാരും ഇല്ലാതെയാകട്ടെ, മാറിപ്പോകാത്ത ഈ ദിവ്യസ്നേഹിതന്റെ സാന്നിധ്യം എപ്പോഴും അനുഭവിക്കാം! ഒരിക്കലും വറ്റാത്ത നന്മയും ദയയും അവിടുന്ന്‌ നമുക്കായ് എന്നും കരുതിവച്ചിട്ടുണ്ട്‌.. അത് അനുഭവിക്കാന്‍ ഒരു നല്ല അവസരമാണ് നമ്മുടെ ജീവിതത്തിന്റെ ഇത്തരം ഇരുള്‍ മൂടിയ ഏകാന്തവീഥികള്‍ ‍... അവിടെയാണല്ലോ "സദാ നിന്‍ സാന്നിധ്യം വേണം താതാ..." എന്നു നമുക്ക് പറയാനാവുന്നത്‌...

ജീവിതത്തിന്റെ സന്ധ്യയില്‍ തുണയറ്റപ്പോള്‍ തുണയായ് കരുത്തായ്‌ കൂടെയുണ്ടായിരുന്ന ഭാഗ്യതാരകമായ ദൈവസാന്നിധ്യത്തെ, ഓര്‍മകളില്‍ അയവിറക്കിയപ്പോള്‍ ഹെന്‍റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ് ക്കോട്ട് ലാന്‍ഡ്‌ കവിയുടെ ഹൃദയത്തില്‍ ഉണര്‍ന്ന ചിന്തകള്‍ വരികളായി കുറിക്കപ്പെട്ടതാണ് 'Abide with me' എന്ന ഹൃദയസ്പര്‍ശിയായ ആംഗലേയ ഗാനം. ഈ ഗാനത്തിന്റെ അതിസുന്ദരമായ പരിഭാഷയാണിത്‌ .. "കൂടെ പാര്‍ക്ക.."

അതേ കര്‍ത്താവേ, അങ്ങെന്റെ കൂടെ പാര്‍ത്താലും... ഈ ലോകത്തില്‍ എന്റെ കണ്ണുകള്‍ അടയുവോളം...  പിന്നെയും.. പിന്നെയും... പിന്നെയും...... ഒരു ഭാഗ്യോദയമായ്‌ ... അവിടുന്ന്‌ എന്റെ കൂടെപാര്‍ക്കേണമേ !

കൂടെപാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ല നെരമെനി -
ക്കാശ്രിതവത്സലാ കൂടെപാര്‍ക്ക

ആയുസാം ചെറുദിനമോടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ലാത്ത ദേവാ കൂടെപാര്‍ക്ക

രാജരാജന്‍ പോല്‍ ഭയങ്കരനായ്
യാചകന്‍ സമീപേ വരാതെ നീ
നന്മ ദയ സൌഖ്യമാം നല്‍വരം
നല്കി രക്ഷിച്ചു നീ കൂടെപാര്‍ക്ക

സദാ നിന്‍ സാന്നിധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാം
തുണ ചെയ്യാന്‍ നീയല്ലാതാരുള്ളൂ
തോഷതാപങ്ങളില്‍ കൂടെപാര്‍ക്ക

ശത്രു ഭയമില്ല നീ ഉണ്ടെങ്കില്‍
ലോക കണ്ണീരിനില്ല കൈപ്പോട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യുമുള്‍ പോയ് ജയം കൂടെപാര്‍ക്ക

കണ്ണടഞ്ഞിടുമ്പോള്‍ നിന്‍ ക്രൂശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യാ നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ്‌ നീ കൂടെപാര്‍ക്ക



ഗാനരചന: റ്റി. കോശി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

No comments:

Post a Comment

Related Posts with Thumbnails